പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 പേര് മരിച്ചു. നിരവധി പേര് ചികിത്സയില്‍. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യം കഴിച്ചവരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനാണെന്ന് 2അമൃത്സര്‍ എ.എസ്.പി മനീന്ദര്‍ സിങ് പറഞ്ഞു.
‘ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു’ -എ.എസ്.പി പറഞ്ഞു.
വിവരം അറിഞ്ഞതോടെ ഗ്രാമങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു. വീടുകള്‍ തോറും ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കും. മദ്യവിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ് -ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.


