പാലക്കാട് ഷൊര്‍ണൂരില്‍ ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ യുവാവ് പിടിയില്‍. ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ബിരിയാണി കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷെഹീര്‍ പിടിയിലായത്.
ഇയാള്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരികയാണെന്നാണ് വിവരം. ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങി കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കും. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നത്. ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.


