ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന് ലാമിന് യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ് അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന് ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന് ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന് ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.


