കൈകൊടുക്കല്‍ വിവാദത്തെ തുടര്‍ന്ന് ഏഷ്യാകപ്പില്‍നിന്ന് പിന്മാറുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്ന പാകിസ്താന് തീരുമാനം മാറ്റി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന് കളിക്കും. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിനെത്തുടര്‍ന്നാണ് പാകിസ്താന് പിന്മാറ്റ ഭീഷണി മുഴക്കിയത്. എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ടൂര്‍ണമെന്റില്‍ തുടര്‍ന്നു കളിക്കാനാണ് തീരുമാനം. ഇന്നത്തെ മത്സരത്തില്‍ റിച്ചി റിച്ചാഡ്സണ് മാച്ച് റഫറിയായിരിക്കും.
ഇന്ത്യക്കെതിരെ തോറ്റ പാകിസ്താന് ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കാം. നേരത്തെ ഒമാനെതിരെ 93 റണ്‍സിന്റെ ജയം അവര്‍ നേടിയിരുന്നു. ഇതിനകം ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്. പാകിസ്താന് മുന്നേറിയാല്‍ വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ അരങ്ങേറും.
ഇന്ത്യ-പാക് മത്സരത്തില്‍ ടോസിനും മത്സരശേഷവും പതിവായി നടക്കുന്ന കൈകൊടുക്കല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിരസിച്ചിരുന്നു. പാക് ക്യാപ്റ്റന്‍ സല്മാന് അലി ആഘയെയും അവഗണിച്ചു. ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് പുറത്തുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു’ എന്നായിരുന്നു സൂര്യയുടെ വിശദീകരണം. ഇതില്‍ പ്രതിഷേധിച്ച് പാക് ക്യാപ്റ്റന്‍ പോസ്റ്റ്-മാച്ച് പ്രസന്റേഷന് സെറിമണി ബഹിഷ്കരിക്കുകയും പരിശീലകന് മൈക്ക് ഹെസന് നിരാശ രേഖപ്പെടുത്തുകയും ചെയ്തു. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.


