ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടും 602 ഫലസ്തീന് തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈല്‍. ഹമാസിനുള്ള ഉചിതമായ മറുപടിയാണിതെന്ന പ്രതികരണത്തിലൂടെ ഇസ്രാഈലിന്റെ കരാര്‍ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി.
വര്‍ഷങ്ങളായി തടവിലുള്ള 602 ഫലസ്തീന് തടവുകാരെ മോചിപ്പിക്കാതിരുന്ന ഇസ്രായേല്‍ നടപടി ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ബന്ദികളെ ഹമാസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇസ്രാഈനിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലസ്തീനികളെ മോചിപ്പിക്കുന്നത് ഇസ്രാഈല്‍ വൈകിപ്പിച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ ഈ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു. ‘തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുന്നത് ബന്ദികളെ കൈകാര്യം ചെയ്തതിനുള്ള ഉചിതമായ മറുപടിയാണ്’ എന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയാന്‍ ഹ്യൂസ് പ്രസ്താവനയില്‍ പറഞ്ഞു.
തടവുകാരുടെ കൈമാറ്റ ചടങ്ങുകള്‍ അപമാനകരമാണെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത് അല്‍ റഷ്ഖ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള ഇസ്രാഈലിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.


