കൊല്‍ക്കത്ത: ആര്.ജി കര് മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗപ്പെടുത്തി കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ കുറ്റക്കാരനായി വിധിച്ച വിചാരണ കോടതി ഉത്തരവില്‍ പ്രതികരണിച്ച് ഡോക്ടറുടെ അമ്മ രംഗത്തെത്തി. മകളുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അവരെ കൂടി പിടികൂടി നിയമത്തിനു മുന്നില്‍ എത്തിച്ചാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.
”സഞ്ജയ് കുറ്റക്കാരനാണെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെളിഞ്ഞത്. കോടതിയില്‍ വിചാരണ നടക്കുമ്പോഴെല്ലാം അയാള്‍ നിശബ്ദനായിരുന്നു. എന്നാല്‍ അയാള്‍ ഒറ്റക്കല്ല അത് ചെയ്തത്. മറ്റുള്ളവര്‍ അറസ്റ്റിലാകാതെ പുറത്തുണ്ട്. നീതി ഇതുവരെ നടപ്പായിട്ടില്ല. കേസ് അവസാനിച്ചിട്ടില്ല. ഞങ്ങളുടെ മകളെ കൊലപ്പെടുത്തിയ എല്ലാവരും ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഇത് അവസാനിക്കൂ. ആ ദിവസത്തിനായി ഞങ്ങള്‍ കാത്തിരിക്കും. അതുവരെ ഞങ്ങള്‍ക്ക് ഉറങ്ങാനാകില്ല” -കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പറഞ്ഞു.
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് ഇന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ തിങ്കളാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിക്കും. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനിരംഭന്‍ ദാസാണ് കേസില്‍ വിധി പ്രസ്താവിച്ചത്. സഞ്ജയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പതിനാണ് ആര്.ജി കര് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറി. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.


