രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.


