വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് നേരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി.
കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയും മുസ്ലിം വിരുദ്ധ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന് ഒരുങ്ങുകയാണ്.
ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2024ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ INC ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും,” ജനറല്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍സ്) ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണഘടനാ തത്വങ്ങള്‍ക്ക് മേലുള്ള എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും രമേശ് പറഞ്ഞു. ”ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, വ്യവസ്ഥകള്‍, കീഴ്വഴക്കങ്ങള് എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ചെറുത്തുനില്ക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമം, 2005, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, 2024 എന്നിവയിലെ ഭേദഗതികള്‍ക്കെതിരെ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇതിനകം പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചു.
നേരത്തെ ലോക്സഭ ബില്‍ പാസാക്കിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.


