കോഴിക്കോട് : ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഗസ്ത് 18 തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂരില്‍ ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ സുതാര്യമായ തെരഞ്ഞടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഇലക്ഷന് കമ്മീഷന്റെ ഭരണകുട വിധേയത്വത്തില്‍ നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ടെന്ന മാനദണ്ഡം മറികടന്ന് വോട്ടര്‍പട്ടിയില്‍ നടത്തിയ തിരിമറി കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ പോലും 11 വോട്ടുകളാണ് അനധികൃതമായി ചേര്‍ക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം കുടുംബം താമസം മാറുകയും വീട് മുംബൈ കേന്ദ്രീകരിച്ചുള്ള വ്യക്തിക്ക് കൈമാറുകയുമാണ് ചെയ്തത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 10 ഫ്ളാറ്റുകളിലെ ക്രമക്കേടുകളില്‍ 50 പരാതികളാണ് ഉയര്‍ന്നത്. രാജ്യം കാത്ത് പുലര്‍ത്തി പോന്ന മൂല്യങ്ങളെ അധികാരം ഉപയോഗിച്ച് കശാപ്പ് ചെയ്യുന്ന ബി.ജെപിക്കും കൂട്ട് നില്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ യുവരോഷം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ജന്‍ അധികാര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


