വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നുള്ള യൂത്ത് ലീഗ് കേഡർമാർ പങ്കെടുക്കും. മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എംപി, ഇമ്രാൻ പ്രതാപ്ഗർഹി എംപി, അൽക ലാംബ, യോഗേന്ദ്ര യാദവ് എന്നിവർ അഭിസംബോധന ചെയ്യും.
ബിജെപി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്. തന്ത്രപരമായി കൃത്രിമങ്ങളിലൂടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്. ഏത് വിധേനയും അധികാരത്തിൽ തുടരാനുള്ള മോദിയുടെ തീവ്രശ്രമങ്ങൾക്ക് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി തെളിയിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വോട്ടർ പട്ടിക എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജനങ്ങളുടെ വോട്ടവകാശത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയങ്ങളിൽ വ്യക്തത വരുത്തണം. അസമിൽ, ഹിമന്ത ബിശ്വ ശർമയുടെ ബിജെപി സർക്കാർ നിയമവാഴ്ചയെ നഗ്നമായി ലംഘിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കഠിനമായി ശ്രമിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്.
അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവിൽ സംസ്ഥാനത്തെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങളുടെ വീടുകൾ തകർക്കുന്നത് കോടതിയലക്ഷ്യ നടപടിയാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡൊസർ രാജിനേതിരെ ശക്തമായ പോരാട്ടങ്ങൾക്കു യുത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ മർസുഖ് ബാഫഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


