മലപ്പുറം എളങ്കൂരില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. ഭര്‍ത്താവില്‍ നിന്നും വിഷ്ണുജ കടുത്ത പീഡനം നേരിട്ടിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. വിഷ്ണുജ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനം നേരിടേണ്ടി വന്നു. യുവതിക്ക് സുഹൃത്തുക്കളോട് സംസാരിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി.
വിഷ്ണുജയുടെ ഫോണ്‍ പ്രഭിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും വിഷ്ണുജ അറിയാതെ മൊബൈല്‍ ഫോണ്‍ പ്രഭിന്റെ ഫോണുമായി കണക്ട് ചെയ്തിരുന്നെന്നും സുഹൃത്ത് പറഞ്ഞു. അതേസമയം യുവതിയുടെ ഫോണില്‍ നിന്ന് പ്രതി തെളിവുകള്‍ നീക്കം ചെയ്തതായും സുഹൃത്ത് അറിയിച്ചു.
സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്റെ അറസ്റ്റ് കഴിഞ്ഞദിവസം മഞ്ചേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിച്ചിരുന്നതായി വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.
സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും ജോലിയില്ലാത്തതിന്റെ പേരിലും യുവതിയെ ആക്ഷേപിച്ചതായും വിഷ്ണുജയുടെ പിതാവ് ആരോപിച്ചിരുന്നു.
2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും വിവാഹിതരായത്.


