ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു. വിപഞ്ചികയുടേയും കുഞ്ഞിന്റെയും സംസ്കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. സംസ്കാരത്തിന് തൊട്ടുമുമ്പ് അധികൃതര്‍ സംസ്കാരം തടയുകയായിരുന്നു. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി. വിഷയം ചര്‍ച്ച ചെയ്യാനായി ഭര്‍ത്താവ് നിധീഷിനെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിളിപ്പിച്ചു.
മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന് (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.
വിപഞ്ചികയും മകളും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കൊല്ലം കുണ്ടറ ചന്തനത്തോപ്പ് സ്വദേശി വിപഞ്ചികയെയും മകള്‍ വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന് വിനോദിന്റെ ഭാര്യ സഹോദരിയും ആത്മഹത്യാകുറിപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.


