തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവിന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍. കുടുബത്തിന്റെ കട ബാധ്യത മകനെ ഏല്‍പ്പിച്ചിട്ടില്ലെന്നും തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന് മുന്‍കൈയെടുത്താണെന്നും പിതാവ് പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നായിരുന്നു അഫാന്റെ പിതാവിന്റെ പ്രതികരണം.
ഭാര്യ ഷെമിയുടെ ചികിത്സ തുടരുകയാണെന്നും അതിനാല്‍ വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാന്‍ കഴിയില്ലായെന്നും പിതാവ് റഹീം പറയുന്നു. ഭാര്യയെ തനിച്ചാക്കി പോകാന്‍ കഴിയില്ലെന്നും വാടക വീടെടുക്കാന്‍ പോലും സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് മറ്റു വഴിയില്ലെന്നും നാട്ടില്‍ എന്തെങ്കിലും ജോലി നോക്കണമെന്നും അഫാന്റെ പിതാവ് പറഞ്ഞു.
അതേസമയം സെന്‍ട്രല്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതെല്ലാം അഫാനെ സമ്മര്‍ദ്ധത്തിലാക്കിയിരിക്കാമെന്നും റഹീം പറഞ്ഞു. ഷെമി ഇപ്പോഴും കട്ടിലില്‍ നിന്ന് വീണതാണെന്ന വാക്കില്‍ ഉറച്ചു നില്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


