വാഷിങ്ടണ്‍: ഇറാന് പിന്തുണയ്ക്കുന്ന ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയായിരുന്നു ട്രംപിന്റെ നടപടി. ഉത്തരവ് പ്രകാരം വിഷയത്തിന്റെ സ്ഥിതിഗതികള്‍ മനസിലാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും 15 ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോവിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ട്രംപ് മുമ്പ് യു.എസ് പ്രസിഡന്റായിരുന്നപ്പോള്‍ അധികാരത്തിന്റെ അവസാന കാലഘട്ടത്തില്‍ ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന് അധികാരമേറ്റയുടന്‍ നടപടി റദ്ദാക്കിയിരുന്നു. എന്നാല്‍ ചെങ്കടലിലെ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഹൂതി വിമതരെ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് എന്ന പട്ടികയില്‍ ബൈഡന് ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നു.


