ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും. ട്രംപിനെതിരെ ഡെമോക്രാറ്റുകളും രംഗത്തെത്തി. ഏകപക്ഷീയമായ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ ട്രംപ് യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ആക്രമണം നടന്നതെന്നും അവര്‍ അവകാശപ്പെട്ടു. സമാധാനം സൃഷ്ടിക്കുമെന്ന് പറഞ്ഞ ട്രംപ് യുദ്ധമുണ്ടാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
റേഡിയേഷന് ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന് അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന് സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന് അറിയിച്ചു.
അതേസമയം ആക്രമണങ്ങള്‍ ‘മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ അപകടകരമായ വര്‍ദ്ധനവാണ്’ എന്ന് ക്യൂബന്‍ നേതാവ് മിഗ്വല്‍ ഡിയാസ്-കാനല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ആക്രമണം യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമവും ഗുരുതരമായി ലംഘിക്കുകയും മാനവികതയെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുടെ പ്രതിസന്ധിയിലേക്ക് വലിച്ചിടുകയും ചെയ്യുന്നു,” ക്യൂബന്‍ പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.


