കൊച്ചി നഗരമധ്യത്തില്‍ ഭീതി പടര്‍ത്തി കൂറ്റന്‍ പെരുമ്പാമ്പ്. മഹാരാജാസ് കോളജിന് സമീപത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കോംപൗണ്ടിലെ മരത്തിലാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പാമ്പിനെ താഴെയിറക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നും താഴെയിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ.കെ ബിജു അറിയിച്ചു. സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി.
നിരവധി വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുകയും വാഹനങ്ങളിലും കാല്‍നടയായും ധാരാളമാളുകള്‍ കടന്നുപോകുകയും ചെയ്യുന്ന നഗരമധ്യത്തിലാണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. ഇതോടെ ആശങ്കയിലാണ് ജനം. രാവിലെ ഒമ്പതോടെയാണ് മരത്തിന് മുകളില്‍ വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ വഴിയാത്രികര്‍ കണ്ടെത്തുന്നത്. ജനവാസ മേഖലയും കോളജ് പരിസരവുമായതിനാല് ഏതെങ്കിലും തരത്തില്‍ പാമ്പ് താഴേക്ക് ചാടിയാല്‍ അപകട സാഹചര്യം മറികടക്കാന്‍ ജനങ്ങളും കാണികളും ജാഗ്രത കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


