അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിലൂടെ ഇന്ത്യക്ക് ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ ലഭിച്ചുവെന്ന പ്രസ്താവനയിലൂടെ ഭരണഘടനയെ തുരങ്കം വെക്കുന്നുവെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ ആഞ്ഞടിഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ജാതി സെന്‍സസ് നടത്തുമെന്നും 50 ശതമാനം സംവരണ പരിധി ലംഘിക്കുമെന്നും പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ജീവിതത്തിന്റെ എല്ലാ തുറകളിലും ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനവും രാഹുല്‍ ആവര്‍ത്തിച്ചു.
മോഹന്‍ ഭഗവത് പറയുന്നത് ഗംഗ ‘ഗംഗോത്രി’യില്‍ നിന്നല്ല ഉത്ഭവിക്കുന്നതെന്നാണ്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായില്ല എന്നും പിന്നീട് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ പറയുന്നതിലൂടെ ഭരണഘടനയെ നിഷേധിക്കുകയാണ് അദ്ദേഹം രാഹുല്‍ പറഞ്ഞു.
ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന ചിന്തകള്‍ ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു. ഭരണഘടന സ്വാതന്ത്ര്യത്തിന്റെ ഫലമായി ഉണ്ടായതല്ലെന്നും പറയുന്നു. ഇന്ത്യയില്‍ നിന്നും അതിന്റെ ജനങ്ങളില്‍ നിന്നും അതിന്റെ സ്ഥാപനങ്ങളില്‍നിന്നും അദ്ദേഹം ഭരണഘടനയെക്കുറിച്ചുള്ള ചിന്തകളെ നശിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഒരു എന്‍.ജി.ഒ സംഘടിപ്പിച്ച സംവിധാന്‍ സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇത് കേവലം ഒരു പുസ്തകമല്ലെന്നും രാജ്യത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ ചിന്തകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി. നാരായണഗുരു, ബസവണ്ണ, മഹാത്മാ ഫൂലെ, മഹാത്മാഗാന്ധി, ബി.ആര്. അംബേദ്കര്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബുദ്ധന്റെയും ഉന്നത നേതാക്കളുടെയും ശബ്ദങ്ങള്‍ അതിലുണ്ടായിരുന്നു.
കോടിക്കണക്കിന് ദലിതരോടും പിന്നാക്കക്കാരോടും ആദിവാസികളോടും കാണിക്കുന്ന അനീതിയുടെ വേദനയും ഭരണഘടനയിലുണ്ട്. വേദന മുഴുവനായും നീക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് അല്‍പ്പം കുറച്ചിട്ടുണ്ട്. ഇത് ഗംഗയെ പോലെയാണ്. അത് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു.


