തെലങ്കാനയിലെ അമരാബാദിലെ തുരങ്കം തകര്‍ന്ന് വീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന തുരങ്കമാണ് തകര്‍ന്ന് വീണത്. തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്ത് വന്നിട്ടില്ല. കമ്പനി കണക്കെടുത്തു വരികയാണ്. ആറ് പേരെങ്കിലും തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അമരാബാദില്‍ നിര്‍മാണം നടക്കുന്ന തുരങ്കത്തിന്റെ ഇടതുഭാഗം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പേരതികരിച്ചിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട്, ഫയര്‍ഫോഴ്സ്, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവരോട് ഉടന്‍ സംഭവസ്ഥലത്തെത്താനും അദ്ദേഹം ഉത്തരവിട്ടു. ജലസേചന വകുപ്പ് മന്ത്രി എന്‍.ഉത്തം കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര കല്‍ക്കരി മന്ത്രി ജ.കിഷന് റെഡ്ഡി സംസ്ഥാന സര്‍ക്കാറില്‍ നിന്നും അപകടം സംബന്ധിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.


