ഗസ്സ അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രാഈല്‍ ആക്രമണം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍നിന്ന് ഫലസ്തീന് ജനത ഒഴിഞ്ഞു പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
”ഗസ്സ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങള്‍ ഇത് സ്വന്തമാക്കും, അപകടകരമായ പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും പൊളിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കും. ആവശ്യമെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും, ഞങ്ങള്‍ ആ ഭാഗം ഏറ്റെടുക്കാന്‍ പോകുകയാണ്, ഞങ്ങള്‍ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് മുഴുവന്‍ മിഡില്‍ ഈസ്റ്റിനും അഭിമാനിക്കാവുന്ന ഒന്നായിരിക്കും” ട്രംപ് പറഞ്ഞു.
ഗസ്സയെ പുനര്‍നിര്‍മിച്ച് മനോഹരമാക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഫലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു.
ആദ്യ തവണ പ്രസിഡന്റായപ്പോള്‍ ജെറുസലേം ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതും അവിടെ യുഎസ് എംബസി പണിതതും തന്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. ഗോലാന്‍ കുന്നുകളില്‍ ഇസ്രാഈലിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ട്രംപിനെ പുകഴ്ത്തിയ നെതന്യാഹു വൈറ്റ് ഹൗസില്‍ ഇസ്രാഈലിന് ലഭിച്ച എക്കാലത്തെയും മികച്ച സുഹൃത്താണ് ട്രംപ് എന്ന് പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു ശ്രദ്ധിക്കേണ്ട ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നും ഇത് ചരിത്രമാകുമെന്നും പറഞ്ഞു.


