ഗസ്സയില്‍ അടുത്ത ആഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് അപ്രതീക്ഷിതമായ അഭിപ്രായവുമായി രംഗത്തെത്തിയത്.
ഇസ്രാഈല്‍ ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍ച്ചിലെ അവസാന വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ശേഷം ഗസ്സയില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം വര്‍ധിക്കുകയും ഇസ്രാഈല്‍ യുദ്ധത്തെ അന്താരാഷ്ട്ര തലത്തില്‍ അപലപിക്കുകയും ചെയ്യുന്ന സമയത്താണ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രവചനം.
പട്ടിണികിടക്കുന്ന ഫലസ്തീനികളെ ബോധപൂര്‍വം വെടിവച്ചുകൊല്ലാന്‍ ഇസ്രാഈല്‍ കമാന്‍ഡര്‍മാര്‍ ഉത്തരവിട്ടുവെന്ന ഹാരെറ്റ്സ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്, യുദ്ധബാധിത പ്രദേശത്ത് ഇസ്രാഈലിന്റെ ‘യുദ്ധക്കുറ്റങ്ങളുടെ’ കൂടുതല്‍ തെളിവാണെന്ന് ഗസ്സയിലെ അധികാരികള്‍ പറഞ്ഞു.
മേഖലയ്ക്ക് ചുറ്റുമുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനാല്‍ ഗസ്സ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയ്ക്കുള്ളില്‍ ”അടുത്തിരിക്കാം” എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
ഗസ്സയില്‍ ഇസ്രാഈലും ഹമാസും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി അടുത്തിടെ സംസാരിച്ചതായി ട്രംപ് തന്റെ അഭിപ്രായത്തില്‍ കുറിച്ചു.
അടുത്തിടെ ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തിനിടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി താന്‍ ദിവസേന ബന്ധപ്പെട്ടിരുന്നതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇസ്രാഈലോ ഹമാസോ ഏതെങ്കിലും പുതിയ വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുന്നതായി പരസ്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.


