പലസ്തീന് പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം. ഗസ്സയില്‍ നിന്നുള്ള പലസ്തീനികളുടെ സന്ദര്‍ശക വിസകളില്‍ യുഎസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് പുറമെ പുതിയ നടപടി കൊണ്ടുവന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന വാര്‍ഷിക യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിന് മുന്നോടിയായി പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് (പിഎല്‍ഒ), പലസ്തീന് അതോറിറ്റി (പിഎ) അംഗങ്ങള്‍ക്ക് വിസ നിഷേധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചത്.
ആഗസ്റ്റ് 18ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനം എല്ലാ യുഎസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതുസംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സന്ദേശം അയച്ചതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിപുലമായ നടപടികളിലൂടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും പലസ്തീനികളായ പ്രവാസികളില്‍ നിന്നുമുള്ള വിവിധ തരത്തിലുള്ള കുടിയേറ്റേതര വിസകള്‍ വഴി അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍, പ്രൊഫസര്‍മാര്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍, വൈദ്യചികിത്സ തേടുന്നവര്‍ എന്നിവരുടെ ഉള്‍പ്പെടെ വിവിധതരം വിസകളെ പുതിയ നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിസാ നിയന്ത്രണങ്ങളുടെ കാരണമെന്താണെന്ന് വ്യക്തമല്ല.


