കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന സി.എ.ജി റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരിയെ മറയാക്കി ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള കാട്ടുകൊള്ളയുടെ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. കോവിഡിന്റെ ഭീതിയും അരക്ഷിതാവസ്ഥയും മുതലെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്നു നടത്തിയിട്ടുള്ള ഈ കുംഭകോണം കോടികളുടെ അഴിമതിയെന്നതിനപ്പുറം ജനങ്ങളുടെ ജീവന് പണയംവെച്ചുള്ള ചൂതാട്ടം കൂടിയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഥമ ദൃഷ്ട്യാ തന്നെ അഴിമതിയുടെ ദുര്‍ഗന്ധംവമിക്കുന്ന ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോള്‍ മഹാമാരിയുടെ പേര് പറഞ്ഞ് അതു മറച്ചുപിടിക്കാനായിരുന്നു പിണറായിയും കൂട്ടരും ശ്രമിച്ചത്. മഹാമാരിക്കാലത്ത് രാഷ്ട്രീയം പറയുന്നുവെന്നുള്ള അന്നത്തെ വിലാപങ്ങളെല്ലാം ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ അന്ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അച്ചട്ട ശരിയായിരുന്നുവെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിയമസഭക്കകത്ത് നടത്തിയ ന്യായീകരണങ്ങള്‍ പച്ചക്കള്ളമായിരുന്നുവെന്നും പകല്‍പോലെ തെളിഞ്ഞിരിക്കുന്നു.
10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഈ ഇടപാടിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്കി യാണ് പി.പി.ഇ കിറ്റ് വാങ്ങിയതെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. പി.പി.ഇ കിറ്റ് 2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തില്‍ പി.പി.ഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പി.പി.ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പി.പി.ഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്. സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്കാന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സ്ഥിരം വിതരണക്കാരായ മൂന്നു പേരുള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ തയ്യാറായി നില്‍ക്കെയാണ് ഉയര്‍ന്ന നിരക്കില്‍ ഓര്‍ഡര്‍ നല്‍കിയത് എന്നതടക്കം വിവരങ്ങള്‍ സര്‍ക്കാരിനെ നേരത്തെ തന്നെ വലിയ പ്രതിരോധത്തിലാക്കിയപ്പോള്‍ അത്യാവശ്യ സാഹചര്യം നേരിടാനുള്ള നടപടി എന്ന് വിശദീകരിച്ചാണ് സര്‍ക്കാരും ഭരണ നേത്യത്വവും അന്നു പിടിച്ച് നിന്നത്.
പി.പി.ഇ കിറ്റിന്റെ കാര്യം മാത്രമാണ് സി.എ.ജി പുറത്തുകൊണ്ടുവന്നിട്ടുള്ളതെങ്കില് ഗ്ലൗസ്, എന്‍ 95 മാസ്ക് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങളില്‍ മാത്ര മല്ല സകല ഇടപാടുകളിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. എ.സിയും ഫ്രിഡ്ജും വരെ വാങ്ങിയതിലും വന്‍ വെട്ടിപ്പ് നടത്തിയതിന് തെളിവുകള്‍ പുറത്ത് വരികയുണ്ടായി. പൊതുവിപണിയില്‍ നിന്ന് രണ്ട് ടണ്‍ എ.സിക്ക് 47,000 രൂപ വിലയുള്ളപ്പോള്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വാങ്ങിയത് 59,000 രൂപയ്ക്കാണ്. 45,000 രൂപ വരെ കൊടുത്ത് വാങ്ങുന്ന 450 ലിറ്റര്‍ ഫ്രിഡ്ജിന് സര്‍ക്കാര്‍ നൂറിലേറെ എണ്ണം വാങ്ങുമ്പോള്‍ പോലും കൊടുത്തത് 55,000 രൂപയാണ്. അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ ഇടപെടല്‍ എന്ന പേരിലായിരുന്നു ഈ പെരുംകൊള്ളക്കുള്ള ന്യായീകരണം. കോടിക്കണക്കിന് രൂപ ചിലവഴിച്ച് അക്കാലത്ത് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പി.ആര് വര്‍ക്കുകളെല്ലാം ഈ അഴിമിതി മറച്ചുവെക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്നതാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എല്ലാ ഇടപാടുകള്‍ക്കും നേത്യത്വം നല്‍കിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ഷൈലജയായിരുന്നു. ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വിധം കോവിഡിനെ പി.ആര് ആഘോഷമാക്കി മാറ്റുകയായിരുന്നു കേരള സര്‍ക്കാര്‍. വിദേശ പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നുവെന്ന് മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ കേരള മോഡലിനെക്കുറിച്ച് അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നെവെന്ന് സര്‍ക്കാര്‍ വിമ്പിളക്കുകയും ചെയ്തു.
എന്നാല്‍ മറുഭാഗത്ത് മരണ നിരക്ക് ഏറ്റവുംകൂടതലുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായിമാറിയും രാജ്യത്തിനും സംസ്ഥാനത്തിനും പുറത്തുള്ള മലയാളിക ളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിയാതെയും അതിദയനിയമായ സാഹചര്യങ്ങളായിരുന്നു സംസ്ഥാനത്ത് നിലനിന്നിരുന്നത്. യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചുപിടിച്ച് വലിയ അവകാശ വാദങ്ങളുമായി നിറഞ്ഞുനിനിന്ന ആരോഗ്യമന്ത്രി തന്നെ പുതിയ സാഹചര്യത്തില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കൈമലര്‍ത്തുമ്പോള്‍ ഈ ഇടപാടുകളെയെല്ലാം ദുരൂഹത ക്യത്യമായി പ്രകടമാവുകയാണ്. ഏതായാലും ജനങ്ങളുടെ ജീവന് പണയംവെച്ച് നടത്തിയിട്ടുള്ള ഈ പൊറാട്ടുനാടകം പൊളിച്ചടുക്കപ്പെടുമ്പോള്‍ പിണറായിയും കൂട്ടരും കൈയ്യുംകെട്ടി മറുപടി പറയേണ്ടിവരുന്ന നാളുകളാണ് വരാനിരിക്കുന്നത്.


