ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യേണ്ട സുവര്‍ണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 42ാം ഭേദഗതിയിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ രണ്ട് പദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പെടുത്തിയതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.
‘അടിയന്തരാവസ്ഥയുടെ അമ്പത് വര്‍ഷങ്ങള്‍ ഈ വര്‍ഷത്തില്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ഭരണഘടനകളില്‍ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയില്‍ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആര്.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുള്‍പ്പെടെ ഭരണഘടനയിലെ ഈ വാക്കുകള്‍ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇതാണ് അതിനുപറ്റിയ സുവര്‍ണാവസരം’- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ദി എമര്‍ജന്‍സി ഡയറീസ് ഇയേഴ്സ് ദാറ്റ് ഫോര്‍ജ്ഡ് എ ലീഡര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുവെയാണ് ബിശ്വ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്.


