തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദര്‍.
പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്‍ക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോറന്‍സിക് സംഘം പരിശോധന നടത്തി വരുകയാണ്. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിച്ചതില്‍ വ്യക്തതയില്ലെന്നുമാണ് വിവരം. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതം നടന്നത്. 23കാരനായ പ്രതി അഫാന് മാതാവ് ഷെമിയെ ഷാള്‍ കഴുത്തില്‍ ചുറ്റി തല ചുമരിലിടിച്ച് ആക്രമിക്കുകയായിരുന്നു. ശേഷം പാങ്ങോട്ടെ പിതൃമാതാവിന്റെ വീട്ടിലെത്തുകയും സ്വര്‍ണം പണയം വെയ്ക്കാന്‍ നല്‍കാത്തതോടെ തലയ്ക്കടിച്ച് കൊന്നതെന്നുമാണ് സൂചന.
കൊലപാതകത്തിന് ശേഷം അവരുടെ മാല കവര്‍ന്ന് വെഞ്ഞാറമൂട്ടില്‍ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതൃസഹോദരന്, അഫാനെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടിലേക്ക് തിരിച്ചെത്തി പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തി.
പിന്നീട് സ്കൂളില്‍ നിന്ന് തിരിച്ചെത്തിയ സഹോദരനെ അഫാന് മന്തി വാങ്ങാന്‍ വിടുന്നു. ഇതിന് ശേഷം സഹോദരനെ കൊലപ്പെടുത്തുന്നു. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ എലിവിഷം കഴിച്ച് പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.


