തമിഴ്നാട്ടിലെ എന്നൂര് താപവൈദ്യുത നിലയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെട്ടിടം തകര്‍ന്നു വീണ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ പത്തോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ടോടെയുണ്ടായ അപകടത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയുമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ആര്‍ച്ച് തകര്‍ന്ന് തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് നാല് തൊഴിലാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഉടന്‍ തന്നെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ നിരവധി പേര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.


