കൊച്ചിയില്‍ മകനെയും 26 വളര്‍ത്തുനായകളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. തൃപ്പൂണിത്തുറ എരൂര്‍ അയ്യംപിളളിച്ചിറ റോഡിലാണ് സംഭവം. സുധീഷ് എസ് കുമാര്‍ എന്നയാളാണ് മകനെ നായകള്‍ക്കൊപ്പം വീട്ടിലാക്കി നാടുവിട്ടത്. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ പൊലീസിന്റെ സഹായം തേടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ കുട്ടിയെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം മാറ്റി.
മൂന്നുദിവസമായി വെളളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ നായകളെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
നായകളുടെ ശല്യത്തെക്കുറിച്ച് സമീപവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ ഞായറാഴ്ച്ച യുവാവ് നാടുവിടുകയായിരുന്നു. എന്നാല്‍ രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ മകന് വിദേശത്തുളള അമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ പൊലീസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.


