പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചിട്ടില്ലെന്ന് വനംവകുപ്പ് ചീഫ് വെറ്റിറനറി സര്ജന് അരുണ്‍ സക്കറിയ. വെടിവെക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇന്നലെയുണ്ടായിരുന്നതെന്നും ചത്തനിലയിലാണ് കടുവയെ കണ്ടെത്തിയതെന്നും അരുണ്‍ സക്കറിയ പറഞ്ഞു. ഇന്നലെ രാത്രി 12.30ഓടെ സ്പോട്ട് ചെയ്ത കടുവയെ പുലര്‍ച്ചെ രണ്ടര വരെ പിന്തുടര്ന്നിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടയതിന്റെ പരിക്കുകളായിരിക്കാം കടുവയുടെ ശരീരത്തിലുള്ളത്. ഈ പരിക്കുകള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നു അരുണ്‍ സക്കറിയ പറഞ്ഞു.
കടുവയെ വെടിവെച്ചിട്ടില്ലെന്ന് സി.സി.എഫ് ദീപയും വ്യക്തമാക്കി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും ദീപ കൂട്ടിച്ചേര്‍ത്തു. വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നരഭോജി കടുവയാണ് ചത്തതെന്നാണ് സംശയം. കൂടുതല്‍ പരിശോധനകള്‍ക്ക് മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ദൗത്യസംഘം കടുവയുടെ ജഡം കണ്ടെത്തിയത്.


