പത്മശ്രീ കെ. വി റാബിയയുടെ വിയോഗത്തില്‍ അനുസ്മരിച്ച് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി. വെളിച്ചം പകര്‍ന്ന അക്ഷരസേവന താരകം മറഞ്ഞുവെന്ന് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി പറഞ്ഞു. ഒരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ. കെ.വി. റാബിയയുടേതെന്നും, വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ടെന്ന് സമദാനി പറഞ്ഞു.
കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഒരു ജനപ്രതിനിധിയെ പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്നും രോഗം വന്ന് കിടപ്പിലാകുന്നത് വരെ അവര്‍ ഓരോരോ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നതെന്നും സമദാനി കൂട്ടിച്ചേര്‍ത്തു. വീടിന്റെ ഒരു ഭാഗം നാട്ടുകാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്‍ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.
അനന്യസാധാരണമായ തന്റെ വ്യക്തിത്വവും കര്‍മ്മസമരവും കൊണ്ട് മലപ്പുറം ജില്ലയില്‍ നിന്നും കേരളത്തില്‍ നിന്നുപോലും വിശാലമായ ഒരു ലോകത്തേക്ക് ഉയര്‍ന്നു പരന്ന ശേഷമാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി റാബിയ വിടപറഞ്ഞിരിക്കുന്നതെന്നും സമദാനി പറഞ്ഞു.


