ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയിട്ടുള്ള ഭീകരാക്രമണത്തിലൂടെ ഇസ്രാഈല്‍ എന്ന തെമ്മാടി രാഷ്ട്രം ലോക സമാധാനത്തിനു മുകളില്‍ തൂങ്ങി നില്ക്കുന്ന ഡെമോക്ലസിന്റെ വാളായിത്തീര്ന്നിരിക്കുകയാണ്. രാഷ്ട്രങ്ങളുടെ പരമാധികരാത്തിനു പുല്ലുവില കല്‍പ്പിക്കുന്ന ഈ പൈശാചിക ശക്തി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറുള്‍പ്പെടെ നാലു രാഷ്ട്രങ്ങള്ക്കുനേരെയാണ് അതിക്രമം അഴിച്ചുവിട്ടത്. ഒരു മാസത്തിനിടെയാകട്ടെ ആറു രാഷ്ട്രങ്ങള്ക്കുനേരെയാണ് ഇസ്രാഈലിന്റെ തെമ്മാടിത്തം അരങ്ങേറിയത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചക്കെത്തിയ ഹമാസ് നേതാക്കളെയാണ് തങ്ങള്‍ ലക്ഷ്യംവെച്ചതെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത ബെഞ്ചമിന്‍ നെതന്യാഹു ലോകം കണ്ടതില്‍വെച്ചേറ്റവും ധിക്കാരിയും അഹങ്കാരിയുമായ ഭരണാധികാരിയെന്ന പദവിയിലേക്ക് എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഒറ്റക്കു നടന്നുകയറുകയാണ്. ചര്‍ച്ചക്കെത്തിയ ഹമാസ് നേതാക്കള്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടുവെങ്കിലും ഖ റിന്റെ തന്ത്രപ്രധാന മേഖലകളുള്ക്കൊന്ന പ്രദേശത്ത് ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതം ഊഹിക്കാന്‍ കഴിയാത്തത്രയും ഗൗരവതരമാണ്. ഫലസ്തീന് വിഷയം ഒരിക്കലും ഒത്തുതീര്പ്പിലെത്തരുതെന്നും, ഗസ്സയുടെ മക്കളെ ഇഞ്ചിഞ്ചായി കൊല്ലന്നുതീര്ക്കണമെന്നുള്ള സയണിസ്റ്റുകളുടെ അത്യാര്ത്തിയുടെ പ്രതിഫലനവുമാണ് അപ്രതീക്ഷിതമായ ഈ ആക്രമണമെന്നത് സുവ്യക്തമാണ്.
അമേരിക്കയുടെ നേതൃത്വത്തില്‍, ഖത്തറിന്റെ സാനിധ്യത്തില്‍ ഉദ്ദേശിച്ച ചര്‍ച്ച യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ തങ്ങളുടെ നെറികേടുകള്‍ തുറന്നു കാട്ടപ്പെടുമെന്നും ഉത്തരംമുട്ടുമെന്നും മറ്റാരെക്കാളും ഇസ്രാഈലിന് നന്നായറിയാം. അതുകൊണ്ടു തന്നെ ഈ ചര്‍ച്ച നടക്കാതിരിക്കുകയെന്നത് അവരുടെ അനിവാര്യത
യായിരുന്നു. അതിനുവേണ്ടിയാണ് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള ഈ നരനായാട്ട്. ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതേ ലാഘവത്തോടെയുള്ള ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ ആകമാനം വ്യാപിപ്പിക്കാനുള്ള സയണിസ്റ്റുകളുടെ നീക്കം തങ്ങള്‍ക്കുള്ള മുന്നറിയിപ്പായി അറബ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായിത്തീര്‍ന്ന ഇന്നത്തെ ഫലസ്തീനികളുടെ അവസ്ഥയിലേക്ക് അവരും എത്തിച്ചേരാന്‍ അധിക നാള് കാത്തിരിക്കേണ്ടിവരില്ല. പതിവുപോലെ അമേരിക്കയെയും അവരുടെ മധ്യസ്ഥതതയേയും കാതോര്ത്ത്കാലംകഴിക്കാനാണ് ശ്രമമെങ്കില്‍ ചരിത്രമാണ് ഏറ്റവും വലിയ പാഠമെന്നേ അവരെ ഓര്‍മപ്പെടുത്താനുള്ളൂ. ശക്തമായി അപലപിച്ചു യു.എ.ഇയും, സഊദിയും, കുവൈത്തുമുള്പ്പെടെയുള്ള രാഷ്ട്രങ്ങള്‍ താമസംവിനാ രംഗത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇത് പ്രസ്താവനകളില്‍ ഒതുങ്ങിപ്പോകാതിരിക്കേണ്ടതുണ്ട്. വിവിധ രാഷ്ട്രത്തലവന്മാര് ഖത്തറിലേക്കെത്തിക്കൊണ്ടിരിക്കുന്നത് ഇസ്രാഈലിനെ കനത്ത സമ്മര്ദ്ദത്തിലാക്കുകതന്നെചെയ്യും. അമേരിക്കയുടെ ഇരട്ടത്താപ്പ് ഈ ആക്രമണത്തിലും പ്രകടമാണ്. ട്രംപ് അറിയാതെ ഇസ്രാഈലില്‍ ഒരു കരിയിലപോലും അനങ്ങില്ലെന്നിരിക്കെ ഈ ആക്രമണത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് പറഞ്ഞൊഴിയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന പച്ചനുണയാണ് അമേരിക്ക പടച്ചുവിടുന്നത്. അമേരിക്കയുടെ അവകാശവാദങ്ങള്‍ ഖത്തര്‍ പ്രസിഡന്റ് തള്ളിയതോടെ ലോകപൊലീസിന്റെ കൊടുംചതി ഖത്തറിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയെ സംബന്ധിച്ചടുത്തോളം നാണംകെട്ട സമീപനമാണ് ഇക്കാര്യത്തിലും മോദി സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. വ്യവസായ, വാണിജ്യ രംഗങ്ങളില്‍ മാത്രമല്ല, വൈകാരികമായിക്കൂടി ഇന്ത്യയുമായി ബന്ധം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രമാണ് ഖത്തര്‍. മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്കാണ് ആ രാജ്യം ജോലി നല്കിക്കൊണ്ടിരിക്കുന്നത്. അതുവഴി ഇന്ത്യയുടെ സമ്പത് വ്യവസ്ഥക്കും വലിയമുതല്‍ക്കൂട്ടായി നില്ക്കുന്ന രാഷ്ട്രത്തിനെതിരെ നീതിയുടെയും ന്യായത്തിന്റെയും ഒരു തരിമ്പുപോലുമില്ലാതെ സയണിസ്റ്റ് ഭീകരതയുടെ അഴിഞ്ഞാട്ടമുണ്ടായപ്പോള് പ്രതിഷേധിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മാത്രമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സമീപകാലത്ത് അമേരിക്കയില്‍ നിന്നുണ്ടായ നാണംകെട്ട സമീപനത്തില്‍ നിന്ന് ഒന്നും പഠിക്കാതെ വീണ്ടും സാമ്രാജ്യത്ത ശക്തികളുടെ പാദസേവകരായി മാറുന്നതിലൂടെ രാഷ്ട്രാന്തരീയ രംഗത്ത് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ അനുദിനം വഷളാ ക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ലക്ഷക്കണക്കായ പൗരന്മാരെ നേരിട്ടു ബാധിക്കാന്‍ പര്യാപ്തമായ ഇസ്രാ ഈലിന്റെ ഈ കിരാത നടപടിയെ ശക്തമായി അപലപിക്കാനും പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഖത്തറിനെ ചേര്‍ത്തുപിടിക്കാനും മോദി സര്‍ക്കാര്‍ തയാറാവേണ്ടതുണ്ട്. ഫലസ്തീന് വിഷയത്തിലുള്ള ഇരട്ടത്താപ്പ് ഖത്തറിനെതിരായ ആക്രമണത്തിലും തുടരാനാണ് തീരുമാനമെങ്കില്‍ നയതന്ത്ര രംഗത്ത് അത് രാജ്യത്തിനുണ്ടാക്കുന്ന തിരിച്ചടി അപരിഹാര്യമായിരിക്കും.


