പൊതുജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പരാതികളും നിവേദനങ്ങളും നല്‍കുന്നതിനെ യാചനയോട് ഉപമിച്ച് ബിജെപി നേതാവും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍. രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
ഈ യാചകരുടെ സൈന്യത്തിന് ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രിയായിരുന്നു പ്രഹ്ലാദ് പട്ടേല്‍.
ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരു കൊട്ട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കയ്യില്‍ ഒരു നിവേദനവും കൂടി നല്‍കുന്നതാണ് രീതി. ഇതൊരു നല്ല കീഴ്വഴക്കമല്ല. എല്ലാം ചോദിച്ചു വാങ്ങുന്നതിന് പകരം ദാനശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം സംസ്കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേല്‍ പറഞ്ഞു.
എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ ദുര്‍ബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളില്‍ ആകൃഷ്ടരാകുന്നത് ധീരരായ വനിതകള്‍ക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? രക്തസാക്ഷികള്‍ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദര്‍ശം അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കുമ്പോഴാണെന്നും പട്ടേല്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജീതു പട്വാരി പറഞ്ഞു.
പൊതുജനങ്ങളെ യാചകരെന്ന് വിളിക്കുന്ന നിലയിലേക്ക് ബിജെപിയുടെ അഹങ്കാരം വളര്‍ന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജവാഗ്ദാനങ്ങള്‍ നല്കി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങള്‍ ഓര്മപ്പെടുത്തിയാല് ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാര് എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


