ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റെന്ന് നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ വെടിയുണ്ടയേറ്റുണ്ടായ മുറിവുകള്‍ക്കുള്ള വെറും ബാന്‍ഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ആശയങ്ങളുടെ കാര്യത്തില്‍ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
യഥാര്‍ഥ വേതനത്തിലെ മുരടിപ്പ്, ഉപഭോഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദഗതി, സങ്കീര്‍ണമായ ജി.എസ്.ടി. സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ അനുഭവിക്കുന്ന രോഗങ്ങളെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവയ്ക്ക് ബജറ്റില്‍ പരിഹാരമൊന്നും കാണുന്നില്ലെന്നും ആരോപിച്ചു.


