കോഴിക്കോട്: ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ച് ശ്രദ്ധേയയായിരിക്കുകയാണ് മലയാളി സന്നദ്ധപ്രവര്‍ത്തകയും കലാകാരിയുമായ ശ്രീരശ്മി. ഗസ്സയിലെ കുടുംബങ്ങള്‍ നന്ദി പറഞ്ഞ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
‘കൂട്ട്’ കമ്മ്യൂണിറ്റിയുടെ സ്ഥാപകയായ ശ്രീരശ്മി, ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുരിതം കണ്ടപ്പോള്‍ തന്നെ ഇടപെടാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി. ”ഒരു തുള്ളി വെള്ളം ചോദിച്ചവര്‍ക്ക് ഒരു പുഴ തന്നെ എത്തിക്കാനായി,” എന്നും അവര്‍ പറഞ്ഞു. 60-ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുകയും, നിരവധി വാട്ടര്‍ ട്രക്കുകള്‍ ഖാന് യൂനുസില്‍ എത്തിക്കാനും കഴിഞ്ഞു.
”എനിക്ക് കഴിയുന്നത് ചെയ്തു, നിങ്ങള്‍ക്കും കഴിയുന്നത് ചെയ്യൂ” എന്ന ശ്രീരശ്മിയുടെ ഇന്‍സ്റ്റഗ്രാം സന്ദേശം കൂടുതല്‍ പേരെ സഹായ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു. കുട്ടികള്‍ നന്ദി രേഖപ്പെടുത്തിയ കുറിപ്പുകള്‍ കൈപ്പറ്റിയപ്പോള്‍ സമാധാനവും സന്തോഷവും തോന്നിയെന്നും അവര്‍ പറയുന്നു.
ഇന്ത്യയില്‍ നിന്ന് നേരിട്ട് സാമ്പത്തിക സഹായം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിന് ഒരുപാട് പരിമിതികളുണ്ട്. ഫണ്ട് ശേഖരണം നടത്തുന്ന സംഘടനകളില്‍ പണം കൈമാറാന്‍ സാധിക്കുമെന്നും ശ്രീരശ്മി പറയുന്നു.
2018-ലെ പ്രളയകാലം മുതല്‍ ശ്രീരശ്മി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. പുത്തുമല, മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങളിലും അവര്‍ ഇടപെട്ടിരുന്നു.


