മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു നടന്നിരുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും.
കഴിഞ്ഞ ദിവസം മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ യുവതി പ്രസവിച്ചത്. പ്രസവ സമയത്തുതന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കാന് ഭര്‍ത്താവ് തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ യുവതി മരിക്കുകായിരുന്നു. പിന്നാലെ മൃതദേഹം ഇയാള്‍ യുവതിയുടെ നാടായ പെരുമ്പാവൂരില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെപൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പുതുതീയി ജനിച്ച കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. ഇയാള്‍ കുഞ്ഞിന്റെ ശരീരത്തുണ്ടായിരുന്ന രക്തം പോലും തുടച്ചു കളയാതെയാണ് മലപ്പുറത്ത് നിന്ന് പെരുമ്പാവൂര്‍ വരെ എത്തിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പായയില്‍ പൊതിഞ്ഞാണ് യുവതിയുടെ മൃതദേഹം ആംബുലന്‍സിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയില്‍വെച്ചായിരുന്നെങ്കിലും ശേഷം ഇയാള്‍ അക്യുപങ്ചര്‍ പഠിക്കുകയും പ്രസവം വീട്ടില്‍ നടത്തുകയുമായിരുന്നു.


