കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ല, സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അടുത്ത മാനേജ്മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്കൂളിന്റെ മറുപടി.
അനധികൃതമായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചതിന് സ്കൂള്‍ അധികൃതര്‍ ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയൂ. വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


