വ്യവസായിയില്‍ നിന്ന് വാങ്ങിയ കോടികള്‍ തിരികെ നല്‍കിയില്ലെന്നാരോപിച്ച് ബോളിവുഡ് നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശില്പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. മുംബൈ പൊലീസിന് നല്കിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.
2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ശില്പയും കുന്ദ്രയും ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. 2015 ഏപ്രിലില്‍ 31.95 കോടിയും 2016 മാര്‍ച്ചില്‍ 28.54 കോടിയും കോത്താരി ദമ്പതികള്‍ക്ക് കൈമാറിയിരുന്നു. ആ സമയത്ത് കമ്പനിയിലെ 87% ഓഹരിയും ശില്പയുടെ പേരിലായിരുന്നു. പിന്നീട് അവര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു, എന്നാല്‍ പണം തിരികെ നല്‍കിയില്ല.
ആദ്യമായി ഒരു ഏജന്റ് മുഖേനയാണ് കോത്താരി ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടും അത് തിരികെ നല്‍കിയില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.


