കോഴിക്കോട്: ‘തല വല്ലാതെ വലുതാകുന്നു ഉമ്മാ…’ ഷഹബാസ് അവസാനമായി ഉമ്മയോട് പറഞ്ഞത് ഇതായിരുന്നു. പിന്നീട് ഉമ്മായെന്ന് അവന് വിളിച്ചിട്ടില്ല. പരിക്കേറ്റ ഷഹബാസിനെ കൂട്ടുകാര്‍ തന്നെയാണ് വീടിന് മുന്നില്‍ ഇറക്കിവിട്ടത്. പിന്നീട് ഷഹബാസ് പതിയെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു.
മകന്റെ മരണവാര്‍ത്തയറിഞ്ഞ ഉമ്മ റംസിന കുഴഞ്ഞുവീണു. മൂന്ന് കുഞ്ഞനുജന്മാരാണ് ഷഹബാസിനുള്ളത്. നേരെ ഇളയവനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഷമ്മാസിന് എപ്പോഴും ഷഹബാസിനെ വേണമായിരുന്നു. അവനെ എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുമെന്നാണ് ബന്ധുക്കളുടെ ആശങ്ക. അടിപിടിക്കൊന്നും നില്‍ക്കാതെ എല്ലാവരോടും ചിരിച്ചു കൊണ്ടുമാത്രം പെരുമാറുന്ന കുട്ടിയായിരുന്നു ഷഹബാസെന് നാട്ടുകാരും പറയുന്നു.
അതേസമയം, കേസില്‍ പ്രതിചേര്‍ത്ത അഞ്ചുപേരെയും നിരീക്ഷണ മുറിയിലേക്ക് മാറ്റി. ഇവര്‍ക്ക് തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നുണ്ട്.ഇവര്‍ക്ക് പുറമെ മറ്റാര്‍ക്കെങ്കിലും ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളിലുള്ള എല്ലാവരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി കൂടുതല്‍ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്നലെയാണ് പ്രതികളായ അഞ്ചുപേരെയും ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയത്. പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.


