ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യാനാകും? സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’-ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി കിരീടം നേടിയ ആര്‍സിബിക്ക് വലിയ സ്വീകരണമാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന് പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന് ഹൗസ് മാസ്റ്റര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന് ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.


