യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്ക്ക് അടിതെറ്റി. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഫെയ്നൂദ് എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളിന് നാണം കെടുത്തിയപ്പോള്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പി.എസ്.ജി മാഞ്ചസ്റ്റര്‍ സിറ്റിയെ തറപറ്റിച്ചു. മറ്റു പ്രധാന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ആര്.ബി സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ഡൈനാമോ സാഗ്രബിനെ ആഴ്സണല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും എ.സി മിലാനും വിജയം കുറിച്ചു.
മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ പിറന്ന രണ്ട് ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ഗ്വാര്‍ഡിയോളയും സംഘവും പി.എസ്.ജിക്ക് മുന്നില്‍ തലകുനിച്ചത്്. 50ാം മിനിറ്റില്‍ ജാക് ഗ്രീലിഷും 53ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടുമാണ് സിറ്റിക്കായി വലുകുലുക്കിയത്. 56ാം മിനിറ്റില്‍ ഡെംബെലെയിലൂടെ പി.എസ്.ജിയുടെ ആദ്യ തിരിച്ചടി.
60ാം മിനിറ്റില്‍ ബര്‍കോള പി.എസ്.ജിയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ ജാവോ നേവസ് പി.എസ്.ജിക്കായി ലീഡെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് കൂടി വലകുലുക്കിയതോടെ പി.എസ്.ജിയുടെ കംബാക്ക് പൂര്‍ണമായി.
80 ശതമാനം നേരം പന്ത് കൈവശം വച്ചിട്ടും 30 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും തോല്‍ക്കാനായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിധി. ഫെയ്നൂദിന്റെ തട്ടകത്തില്‍ വച്ചരങ്ങേറിയ പോരില്‍ കളിയിലും കണക്കിലുമൊക്കെ ബയേണായിരുന്നു മുന്നില്‍. പക്ഷെ വലകുലുക്കിയത് എതിരാളികളാണെന്ന് മാത്രം. സാന്റിയാഗോ ജിമിനെസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഫെയ്നൂദിന്റെ ജയം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അയാസെ ഉയേദയും ഡച്ച് ക്ലബ്ബിനായി വലകുലുക്കി. ഓണ്‍ ടാര്‍ജറ്റില്‍ ബയേണ്‍ ആറ് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒന്നു പോലും വലയിലെത്തിയില്ല. ഫെയ്നൂദാവട്ടെ ഓണ്‍ ടാര്‍ജറ്റില്‍ ആകെ അടിച്ച മൂന്ന് ഷോട്ടും വലയിലാക്കി.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്നലെ ബ്രസീലിയന്‍ നൈറ്റായിരുന്നു. വിനീഷ്യസും റോഡ്രിഗോയും ഇരട്ട ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ കിലിയന്‍ എംബാപ്പെയും വലകുലുക്കി. 71 ശതമാനം നേരവും പന്ത് കൈവശം വച്ച റയലിന്റെ സര്‍വാധിപത്യമായിരുന്നു കളിയില്‍ കണ്ടത്. കൂറ്റന്‍ ജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സണല്‍ ഡൈനാമോ സാഗ്രബിനെ തകര്‍ത്തത്. ഡെക്ലാന് റൈസും കായ് ഹാവര്‍ട്ട്സും ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡഗാര്‍ഡുമാണ് ഗണ്ണേഴ്സിനായി വലകുലുക്കിയത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ അര്‍ട്ടേറ്റയും സംഘവും.
മറ്റു മത്സരങ്ങളില്‍ എതിരില്ലാത്ത ഒരു ഗോളിന് എ.സി മിലാന് ജിറോണയേയും ഇന്റര്മിലാന് സ്പാര്‍ട്ടയേയും തകര്‍ത്തു. റഫേല്‍ ലിയാവോ എ.സി മിലാനായി വലകുലുക്കിയപ്പോള്‍ ലൗതാരോ മാര്‍ട്ടിനസാണ് ഇന്റര്‍മിലാന്റെ സ്കോറര്‍.


