രാജ്യത്തിന്റെ വിദ്യാഭ്യാസ നയം നിശ്ചയിക്കുന്നത് നാഗ്പൂരില്‍നിന്നാണ് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഈയിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ലെ യു.ജി.സി ചട്ടങ്ങളും ഗോഡ്സെയെ പുകഴ്ത്തിയ അധ്യാപികക്ക് കാലിക്കറ്റ് എന്‍.ഐ.ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയതുമെല്ലാം അടിവരയിടുന്നത് വിദ്യാഭ്യാസ നയത്തിലെ അപാകതകളാണ്. കാഴിക്കോട് എന്‍ഐടിയിലെ ആശങ്കാജനകമായ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്കുകളും, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകളും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 540 വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോയി. രണ്ട് വര്‍ഷത്തിനിടെ 3 ആത്മഹത്യകള്‍ നടന്നു. ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുജിസിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, മറ്റ് അക്കാദമിക് സമൂഹങ്ങള്‍ എന്നിവര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പിനെ നേരിടുകയാണ്. ഈ ചട്ടം എത്രയും വേഗം പിന്‍വലിക്കണമെന്ന് അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നല്കുന്ന തുച്ഛമായ 8000 രൂപ നോണ്‍-നെറ്റ് ഫെലോഷിപ്പ് തൊഴിലുറപ്പു പദ്ധതി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. നോണ്‍-നെറ്റ് ഫെലോഷിപ്പ് തുക കേന്ദ്ര സര്‍ക്കാര്‍ 8,000 ല്‍ നിന്ന് ഏറ്റവും കുറഞ്ഞത് 20,000 ആയി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മൗലാന ആസാദ് എന്ന പേരാണോ സ്കോളര്‍ഷിപ്പ് പിന്‍വലിക്കാന്‍ കാരണമെന്ന് ചോദിച്ചു. ഏതെങ്കിലും പിഎം പ്രോജക്ടിലേക്ക് പേര് മാറ്റാം, പക്ഷേ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.


