ലഖ്നൗ: ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്ഐവി കുത്തിവെച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയ്ക്ക എച്ച്ഐവി കുത്തിവെച്ചത്. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
2023 ഫെബ്രുവരി 15ലായിരുന്നു വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന് അഭിഷേക് എന്ന സച്ചിനുമായി തന്റെ മകള്‍ സോണാല്‍ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും തുടര്‍ന്നും ഒരു സ്കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും തന്റെ മകള്‍ക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയില്‍ പറഞ്ഞു.
ഇതിന് പിന്നാലെ എച്ച്ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.


