പാലക്കാട് കഞ്ചിക്കോട്ട് മദ്യ നിര്‍മാണ ഫാക്ടറിക്ക് അനുമതി നല്കിയ മന്ത്രിസഭാ തീരുമാനം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നതും ഭരണകൂടത്തിന്റെ അഴിമതിയും പിടിപ്പുകേടും മറയില്ലാതെ പുറത്തു കൊണ്ടു വരുന്നതുമാണ്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ലഹരിയുടെ കരാളഹസ്തങ്ങളിലേക്ക് നാടിനെ തള്ളിവിടുന്ന വിവാദ തീരുമാനങ്ങളാണ് നിരന്തരം കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ 836 ബാറുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ ഈ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുവെങ്കില്‍ ഇപ്പാള്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിലൂടെ അതിന് ആക്കം പകര്‍ന്നിരിക്കുകയാണ്. മദ്യത്തിന്റെ വ്യാപനത്തോടൊപ്പം വന്‍ അഴിമതിയുടെ ചിറകടികൂടി സര്‍ക്കാറിന്റെ ഈ തിടുക്കപ്പെട്ടുള്ള തീരുമാനത്തില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് മുതല്‍ അനുമ തി നല്കപ്പെട്ട കമ്പനി വരെ എല്ലാ നീക്കങ്ങളിലും സംശയത്തിന്റെ കരിനിഴല്‍ വ്യാപിച്ചുകിടക്കുകയാണ്. മധ്യപ്രദേശ് ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഒയാസിസ് എന്ന വിവാദ കമ്പനിക്കാണ് ബ്രൂവറി നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ അറസ്റ്റിലാ യ ഗൗതം മല്‍ഹോത്രയാണ് പ്രസ്തുത കമ്പനിയുടെ ഉടമ. എന്നാല്‍ ഈ കമ്പനിക്ക് കേരളത്തിലേക്ക് കടന്നുവരാനും പദ്ധതി ആരംഭിക്കാനും ഒരു തടസവുമുണ്ടായില്ലെന്ന് മാത്രമല്ല ചടുലമായ വേഗതയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. കേരളം ഉറ്റുനോക്കിയ വയനാട് പാക്കേജിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ മന്ത്രിസഭായോഗം ചേര്‍ന്ന് 15 ദിവസം കാത്തുനില്‍ക്കേണ്ടി വന്നുവെങ്കില്‍ ഇക്കാര്യത്തില്‍ കേവലം 24 മണിക്കൂറിനിടെയാണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി രാജേഷും അത്യാവേശമാണ് ഇവിടെ പ്രകടമാകുന്നത്.
ലഹരിയുടെ വ്യാപനത്തിന് പുറമെ പദ്ധതിയിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയും ഗൗരവതരാണ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ബ്രൂവറി ആന്റ് ഡിസ്റ്റലറിക്കായി സ്വാകാര്യ കമ്പനി വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇതാവട്ടെ കൃഷിസ്ഥലവുമാണ്. കാര്‍ഷികമേഖലയില്‍ ഇത്തരമൊരു വന്‍കിടപദ്ധതി വരുമ്പോഴുണ്ടാകുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുക കൂടി ചെയ്തില്ലെന്ന ആക്ഷേപത്തിന് സര്‍ക്കാറും വകുപ്പ് മന്ത്രിയും ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. 1856 ഹെക്ടര്‍ നെല്‍ കൃഷിയുള്ള പ്രദേശമാണ് എലപ്പുള്ളി പഞ്ചായത്ത്. ഈ പഞ്ചായത്തിലാണ് ദശലക്ഷക്കണക്കിന് വെള്ളം ചൂഷണം ചെയ്യാന്‍ ഒരു കമ്പനിക്ക് സര്‍ക്കാര്‍ വഴിയൊരുക്കുന്നത്. നിലവില്‍ കൃഷിക്ക് വാളയാര്‍ ഡാമില്‍ നിന്നുള്ള ജലവിതരണത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ളത്തിന് ആളിയാര്‍ പദ്ധതിയില്‍ നിന്നുള്ള വിതരണവുമാണ്. ഇത്രമാത്രം ജലദൗര്‍ലഭ്യമുള്ള പ്രദേശമാണ് മദ്യക്കമ്പനി ജലചൂഷണത്തിന് കണ്ണുവെച്ചിരിക്കുന്നത്. ഭൂഗര്‍ഭജല ലഭ്യതയില്‍ റെഡ് സോണിലുള്ള ചിറ്റൂര്‍ ബ്ലോക്കില്‍പെടുന്ന സ്ഥലത്ത് വിശദമായ ആഘാത പഠനം പോലും നടത്താതെയാണ് വെള്ളമൂറ്റാന്‍ സര്‍ക്കാര്‍ മദ്യക്കമ്പനിക്ക് എല്ലാവിധ വഴികളും തുറന്നുകൊടുത്തിരിക്കുന്നത്. തൊട്ടടുത്ത് കഞ്ചിക്കോട് വ്യവസായ പാര്‍ക്കുണ്ടായിട്ടും സ്വകാര്യ കമ്പനി കുറഞ്ഞ വിലക്ക് കാര്‍ഷികമേഖലയില്‍ സ്ഥലം വാങ്ങിക്കൂട്ടിയതിനു പിന്നില്‍ വന്‍ അഴിമതിയും ഗൂഢാലോചനയും നടന്നതായി ആരോപണം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. യഥാര്‍ഥ ഉടമകളാരെന്ന് വ്യക്തമാകാത്ത തരത്തില്‍ പ്രദേശത്ത് 2020 മുതല്‍ സ്ഥലം വില്പന തകൃതിയായി നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യ സ്പോണ്‍സറായിരുന്നു സര്‍ക്കാര്‍ അനുമതി നേടി പാലക്കാട് പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഒയാസിസ് മദ്യ കമ്പനിയെന്ന യൂത്ത്കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്.
ലഹരി ഉപയോഗത്തിന്റെ അതിഗുരുതരമായ പ്രത്യാഘാതം കണ്ട് വിറങ്ങലിച്ചുനില്‍ക്കുകയാണ് സംസ്ഥാനം. അസുഖ ബാധിതയായിക്കിടക്കുന്ന മാതാവിനെ മകന് വെട്ടിക്കൊലപ്പെടുത്തിയതിനുപിന്നിലെ കാരണം ലഹരി മനുഷ്യനെ മനുഷ്യനല്ലാതാക്കിമാറ്റിയതാണ്. സ്കൂളുകളും കോള ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപകമായ ലഹരിയുടെ ഒഴുക്ക് യുവതയുടെമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാമായി നാടിന്റെ ക്രമസമാധാനാന്തരീക്ഷം തീര്‍ത്തും ഭീതിജനകമായിമാറുകയാണ്. ജോഹന്നാസ്ബെര്‍ഗും സാവോപോളോയുമെല്ലാം മറികടന്ന് കേരളത്തിലെ പലനഗരങ്ങളും ലഹരിയുടെ ഹബ്ബായിമാറിക്കൊണ്ടിരിക്കുകയും സിനിമയിലും സമൂഹത്തിലുമെല്ലാം അതിന്റെ അനുരണനങ്ങള്‍ അനസ്യൂതം പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്തോഭജനകമായ ഈ സന്ദര്‍ഭത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുപകരം ലഹരിയുടെ വ്യാപനത്തിന് ആക്കംകൂട്ടുന്ന സര്‍ക്കാര്‍ ഈ നാടിനെ വെല്ലു വിളിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപക്ഷത്തിന്റെ മാത്രമല്ല, വിവിധ സാമൂഹ്യ സംഘടനകളുടെയും മുന്നറിയിപ്പുകളെയും അഭ്യര്‍ത്ഥനകളെയുമെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ദുരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നാടിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ മുന്നില്‍ ഇനി അവശേഷിക്കുന്നത്.


