പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുന്നത് തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കാനാണെന്ന നില വന്നിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ മര്‍ദിത ന്യൂനപക്ഷങ്ങളെ കുറിച്ച് ഒരു വരി പരാമര്‍ശമില്ലാതിരുന്നത് ഖേദകരമാണെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ.ടി പറഞ്ഞു.
മതവിശ്വാസം, പ്രചാരണം എന്നിവ സംബന്ധിച്ച് ഭരണഘടന 25ാം അനുഛേദം വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായ നിയമ നിര്‍മാണങ്ങളിലൂടെ ചില സംസ്ഥാന ഭരണകൂടങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമായി പെരുമാറുകയാണിപ്പോള്‍. ലൗ ജിഹാദ്, പശുക്കടത്ത് തുടങ്ങിയ ദുരാരോപണങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങളെ അകാരണമായി ആക്രമിച്ച് കൊണ്ടേയിരിക്കയാണ്.
വഖഫ്, മുത്തലാഖ്, സി.എ.എ, എന്‍.ആര്.സി എന്നിവയിലെല്ലാം ഈ ദുരുപദിഷ്ട നീക്കങ്ങള്‍ കാണാനാവും. ഒരു വിഭാഗത്തെ പാടെ നിഷ്കാസനം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഐക്യത്തെ പറ്റി സംസാരിക്കുകയും വിദ്വേഷത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് സര്‍ക്കാറിന്റേത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ വിദ്വേഷ നിയമനിര്‍മാണം നടത്തുന്ന തെറ്റായ പ്രവണതയില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ജനാധിപത്യ തത്വങ്ങള്‍ സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും ആക്ഷേപാര്‍ഹമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള ഭരണഘടന അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ എത്രയോ പേര് ജയില്‍വാസം വരിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കള്‍, ബുദ്ധി ജീവികള്‍, ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരുണ്ട്. എത്രയോ കാലമായി ഇവര്‍ക്ക് കേസിന്റെ ചാര്‍ജ് ഷീറ്റ് പോലും നല്‍കിയിട്ടില്ല.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് പോകുന്ന എമ്പാര്‍ക്കഷന്‍ പോയിന്റായ കോഴിക്കോട്, കൊച്ചിയും കണ്ണൂരും ഈടാക്കുന്ന വിമാനക്കൂലിയേക്കാള്‍ 40,000 രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് ഇ.ടി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ നടപടിയാണ്. ആരാധനാ കര്‍മങ്ങള്‍ക്ക് വേണ്ടി പോകുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


