യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാളവാദം തള്ളി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാറിന് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യമനിലുള്ള സുവിശേഷകന് കെ.എ പോള്‍ അവകാശപ്പെട്ടിരുന്നു.
ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കേസില്‍ കൂടുതല്‍ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്ന് യമനില്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമും പറഞ്ഞിരുന്നു.
യമനിലെ സന് ആയില് നിന്ന് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വദശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച വിവരം പങ്കുവെച്ചിട്ടുള്ളത്.
ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം വിവിധ ഇടപെടലുകള്‍ മൂലം ശിക്ഷ നീട്ടിവെക്കുകയായിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ കൂടുതല്‍ സമയം തേടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.


