പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതികളായ കായിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവരുടെ കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. മര്‍ദനമേറ്റവരില്‍ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
അതേസമയം കേസില്‍ രശ്മിയുടെ ഫോണില്‍ നിന്ന് അഞ്ചു വിഡിയോ ക്ലിപ്പുകള്‍ പൊലീസ് കണ്ടെത്തി. രശ്മിയും ആലപ്പുഴ സ്വദേശിയും വിവസ്ത്രരായി നില്ക്കുന്നതും റാന്നി സ്വദേശിയെ മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതിനിടെ രണ്ടുപേര്‍ കൂടി ദമ്പതികളുടെ മര്‍ദ്ദനത്തിന് ഇരയായെന്ന് സൂചനയുണ്ട്. ജയേഷിന്റെ ഫോണും വിശദമായി പരിശോധിക്കും. ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും.
കേസില്‍ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ കൊണ്ട് തന്നെ യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലര്‍ പിന്നുകള്‍ ജനനേന്ദ്രിയത്തില്‍ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യയെ കൊണ്ടാണ് മര്‍ദ്ദനം ചെയ്യിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ജയേഷിനൊപ്പം മുന്‍പ് ബംഗളൂരുവില്‍ ജോലി ചെയ്തവരാണ് ആലപ്പുഴ സ്വദേശി. അയാളുടെ ബന്ധുവാണ് റാന്നി സ്വദേശി. ഇവര്‍ രശ്മിയുമായി ഫോണില്‍ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തിയിരുന്നു. പിന്നാലെ ഭാര്യയെ കൊണ്ട് തന്നെ ഇരുവരെയും കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി അതിക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി. ഇതിനുപിന്നാലെ തിരുവോണ ദിവസം റാന്നി സ്വദേശിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മര്‍ദിച്ചു. മര്‍ദ്ദനമേറ്റ് വഴിയരികില്‍ കിടന്ന റാന്നി സ്വദേശിയില്‍ നിന്നാണ് ആറന്മുള പൊലീസിന് കൊടിയ മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്.


