മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈകോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് ബോംബെ ഹൈകോടതി ഇ.ഡിക്കെതിരെ ഒരുലക്ഷം രൂപ പിഴ ചൊവ്വാഴ്ച ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി ഹൈകോടതി റദ്ദാക്കി. രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ജയിനിനെതിരെ കേസെടുത്തിരുന്നില്ലെന്നും അതിനാല്‍ ജയിനിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ജാദവ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ ഇ.ഡിയുടെ നടപടി വിശ്വാസയോഗ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. പിഴത്തുകയായ ഒരുലക്ഷം രൂപ ഇ.ഡി. നാലാഴ്ചയ്ക്കകം ഹൈകോടതി ലൈബ്രറിയിലേക്ക് നല്‍കണം. അതേസമയം ജയിനിനെതിരെ പരാതി നല്കിയ വ്യക്തിക്കെതിരെയും കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.


