തിരൂരങ്ങാടി: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഇന്ന് രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചായിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടിലേക്ക് തെറിച്ചു വീണു.
പൊലീസും നാട്ടുകാരും അഗ്നിശമന സേനയും സന്നദ്ധ സംഘടനാംഗങ്ങളുമെല്ലാം തിരച്ചിലിനെത്തി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പിന്നീട് എത്തി.


