ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്‍ഗാമിലാണ് സംഭവം. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 5 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചില്‍ തുടങ്ങി. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. മറ്റുള്ളവര്‍ വിനോദസഞ്ചാരികളാണെന്നാണ് വിവരങ്ങള്‍.
പഹല്‍ഗമാമിലെ ബെയ്സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്കരമായ പാതയാണ് ഇവിടേക്കുള്ളത്. അതിനാലാണ് ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാകാമെന്ന് സംശിക്കുന്നത്.
Comments


