തെലങ്കാനയിലെ നാഗര്‍ കൂര്‍ണിലിലെ ടണല്‍ അപകടം നടന്ന് 13 നാള്. ഇനിയും പുറം ലോകം കാണാന്‍ കഴിയാതെ എട്ട് തൊഴിലാളികള്‍ ടണലില്‍ കുടുങ്ങി കിടക്കുന്നു. ടണലിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുടുങ്ങിയ തൊഴിലാളികള്‍ ജീവനോടെ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നാണ് ദൗത്യസംഘം വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം 22നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണല്‍ തകര്‍ന്ന് 8 തൊഴിലാളികള്‍ കുടുങ്ങിയത്.രണ്ട് എന്‍ജിനിയര്‍മാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയത്. തൊഴിലാളികള്‍ എവിടെയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ടണലിന്റെ ഏത് ഭാഗത്താണ ഇവരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയില്‍ നിന്നുള്ള ഒരു സംഘം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. നിലവില്‍, റഡാറിന്റെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. തുരങ്കത്തിന് സമീപം രണ്ട് എസ്കലേറ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ടണല്‍ ബോറിംഗ് മെഷീന്റെ (ടിബിഎം) ടെയില്‍-എന്‍ഡ് ഭാഗങ്ങള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്തു, ലോക്കോ ട്രെയിനില്‍ ടണലിന് പുറത്തേക്ക് കൊണ്ടുവരും.
തുരങ്കത്തില്‍ നിന്ന് 6,000 ക്യുബിക് മീറ്ററോളം ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടതുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു. ഡീവാട്ടറിംഗിനായി ആവശ്യത്തിന് വാട്ടര്‍ പമ്പുകള്‍ ലഭ്യമാക്കിയതായി എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് വിവിഎന്‍ പ്രസന്ന കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


