ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് എം കെ സ്റ്റാലിന് പറഞ്ഞു. എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കി, ഇനി തമിഴ്നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന് പറഞ്ഞു.
നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണമെന്നും എം കെ സ്റ്റാലിന് വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന് പറഞ്ഞു.
‘ബിജെപി സഖ്യം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. അധികാരത്തില്‍ വന്നാല്‍ അവര്‍ എന്തുചെയ്യുമെന്ന് ഞാന്‍ വിശദീകരിക്കാം. ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന് പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിന് പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. ”എന്റെ പാര്‍ട്ടി, എന്റെ പ്രസ്ഥാനം, എന്റെ നേതൃത്വം” എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്ന് എം കെ സ്റ്റാലിന് പറഞ്ഞു.


