തമിഴ്നാട്ടില്‍ പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി സര്‍ക്കാര്‍. പച്ച മുട്ട ചേര്‍ത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
സാല്‍മൊണെല്ല എന്ററിറ്റിഡിസ്, സാല്‍മൊണെല്ല ടൈഫിമുറിയം, എസ്ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളാല്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ പച്ച മുട്ടകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷന് കമ്മീഷണര്‍ ആര് ലാല്‍വേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
അസംസ്കൃത മുട്ടകള്‍ മയോണൈസ് തയ്യാറാക്കാന്‍ നിരവധിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ അല്ലെങ്കില്‍ നിയമപ്രകാരമുള്ള നിയമനടപടി എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടിവരും. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തും.


